08 March 2012

കഥയും കവിതയും ഹറാമോ? shabab weekly 02 March 2012.


കഥയും കവിതയും ഹറാമോ?

shabab weekly 02 March 2012.
ഈയടുത്ത്‌ ഒരു മുസ്‌ലിം സുഹൃത്ത്‌ പറയുകയുണ്ടായി: ``എല്ലാ സാഹിത്യങ്ങളും ഭാവനയാണ്‌. എല്ലാ ഭാവനകളും കളവാണ്‌. അതുകൊണ്ട്‌ കഥയും കവിതകളും എഴുതല്‍ ഒരു മുസ്‌ലിമിന്‌ ഹറാമാണ്‌.'' സാഹിത്യത്തിന്റെ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ ഇതാണോ? സാഹിത്യം എഴുതുന്നത്‌ തെറ്റാണെങ്കില്‍ അത്‌ വായിക്കുന്നതും തെറ്റല്ലേ? പണ്ഡിതന്മാരുടെ ഈ വിഷയത്തിലുള്ള അഭിപ്രായം എന്താണ്‌?
മുഹമ്മദ്‌ ലബീബ്‌ കോഴിക്കോട്‌


ഇന്നത്തേതു പോലുള്ള ചെറുകഥകളോ നോവലുകളോ നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. എന്നാലും അക്കാലത്ത്‌ പലതരം കഥകള്‍ അറബികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അവയില്‍ ചിലത്‌ അവരുടെ പൂര്‍വികര്‍ക്കിടയില്‍ നടന്ന യുദ്ധങ്ങളുടെ കഥകളായിരുന്നു. ചിലത്‌ യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളുടെ വിവരണമായിരുന്നു. ചില കഥനങ്ങള്‍ കുറച്ചൊക്കെ അതിശയോക്തി കലര്‍ന്നതായിരുന്നു. ചിലതാകട്ടെ അസാത്വീര്‍ (കെട്ടുകഥകള്‍/ഐതിഹ്യങ്ങള്‍) എന്ന വിഭാഗത്തില്‍ പെട്ടവയും. ഇത്തരം കഥകള്‍ കേള്‍ക്കുകയോ പറയുകയോ ചെയ്യരുതെന്ന്‌ നബി(സ) കര്‍ശനമായി വിലക്കിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം സംഭവിച്ചുവെന്ന്‌ ധരിപ്പിക്കാനോ വിശ്വസിപ്പിക്കാനോ ഉദ്ദേശിച്ച്‌ പറയുന്നതാണ്‌ കള്ളം. കഥ, കവിത തുടങ്ങിയ കാല്‌പനിക സാഹിത്യങ്ങളില്‍, ഇല്ലാത്തത്‌ ഉണ്ടെന്ന്‌ വിശ്വസിപ്പിക്കുക എന്ന ഉദ്ദേശ്യമില്ല. അത്‌ കേവലം ഭാവനയുടെ ആവിഷ്‌കാരം മാത്രമാണെന്ന്‌ അതിനെക്കുറിച്ച്‌ ധാരണയുള്ളവര്‍ക്കെല്ലാം അറിയാം.


ഖുര്‍ആനിലെ 26-ാമത്തെ അധ്യായത്തിന്റെ പേര്‌ `ശുഅറാഅ്‌' (കവികള്‍) എന്നാണ്‌. അതിലെ 224-226 സൂക്തങ്ങളില്‍ ദുര്‍മാര്‍ഗികളായ കവികളെ ആക്ഷേപിക്കുകയും 227-ാം സൂക്തത്തില്‍ സുകൃതവാന്മാരായ കവികളെ പ്രശംസിക്കുകയും ചെയ്‌തിട്ടുണ്ട്‌. കാല്‌പനിക വര്‍ണനയുള്ള കവിതകളൊക്കെ ദുഷിച്ചതാണെന്നല്ല ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. കാല്‌പനിക വര്‍ണന സദുദ്ദേശപരമാണെങ്കില്‍ പ്രശംസനീയമാണെന്നത്രെ 2:227 സൂക്തത്തിന്റെ സൂചന. കഅ്‌ബുബ്‌നു സുഹൈര്‍(റ) നബി(സ)യെ പുകഴ്‌ത്തിക്കൊണ്ട്‌ ചൊല്ലിയ ബാനത്‌ സുഊദു എന്ന കാവ്യത്തിന്റെ ആദ്യ വരിതന്നെ കാമുകി യെ സംബന്ധിച്ച കാല്‌പനിക വര്‍ണനയാണ്‌. എന്നിട്ടും നബി(സ) അദ്ദഹേത്തെ അഭിനന്ദിക്കുകയാണുണ്ടായത്‌. ബുആസ്‌ യുദ്ധത്തില്‍ കൊല്ലപ്പെട്ട പൂര്‍വികരെ വാഴ്‌ത്തുന്ന കവിത തന്റെ വീട്ടില്‍ വെച്ചു ചൊല്ലിക്കൊള്ളാന്‍ നബി(സ) അനുവദിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസില്‍ കാണാം.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.